കൊക്കോ കുരു പൊടിച്ചാണ് കൊക്കോപ്പൊടി തയാറാക്കുന്നത്. പ്രോട്ടീൻ, മഗ്നീഷ്യം, നാരുകൾ, ഇരുമ്പ്, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, ഫ്ലവനോൾസ് തുടങ്ങിയ പോഷകങ്ങൾ കൊക്കോ പൊടിയിൽ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവാണ്, പക്ഷെ പോഷകങ്ങൾ വളരെ കൂടുതലും. മധുരം ചേർക്കാത്ത കൊക്കോ പൊടി നോക്കി വാങ്ങി ഉപയോഗിക്കാം.
പോളിഫീനോൾസ് ധാരാളം
കൊക്കോയിൽ പോളിഫീനോൾസ് എന്ന ആന്റിഓക്സിഡന്റുകൾ ധാരാളം. ഇത് നീർവീക്കം, രക്തസമ്മർദം എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായകം.
ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നു
കൊക്കോയിലെ ഫ്ലവനോൾസ് രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടും. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി രക്തസമ്മർദം കുറയ്ക്കും.
കൊക്കോ അധികമായി ചൂടാക്കി പ്രോസസ് ചെയ്താൽ ഈ ഗുണങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. അതിനാൽ സാധാരണ ചോക്ലേറ്റ് ബാറിൽ ഈ ഗുണം ഉണ്ടാകാനിടയില്ല.
ഹൃദയാഘാതം, സ്ട്രോക്ക് സാധ്യത കുറയ്ക്കും
ഫ്ലവനോൾസ് അടങ്ങിയ കൊക്കോ രക്തക്കുഴലുകളെ അയവുള്ളതാക്കി രക്തസഞ്ചാരം കൂട്ടും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം മെച്ചപ്പെടുത്തും
കൊക്കോയിലെ പോളിഫീനോൾസ് തലച്ചോറിലേക്കുള്ള രക്തസഞ്ചാരം കൂട്ടി ഓർമശക്തി മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായകം
ശരീരഭാരം നിയന്ത്രിക്കുന്നതിന്
മിതമായ അളവിൽ കൊക്കോ കഴിക്കുന്നത് ശരീരത്തിലെ ഊർജ ഉപയോഗം ക്രമീകരിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായകം.
കാൻസർ പ്രതിരോധത്തിന്
കൊക്കോയിൽ ഫ്ലവനോൾസ് ധാരാളം. ഫ്ലവനോൾസ് സന്പന്നമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കാൻ സഹായകം
ആസ്ത്മയ്ക്ക് ആശ്വാസം
കൊക്കോയിൽ അടങ്ങിയ തിയോബ്രോമിൻ, തിയോഫിലിൻ എന്നിവ ആസ്ത്മ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായകം
നെഗറ്റീവ് ചിന്ത കുറയും
2022ലെ ഒരു പഠനത്തിൽ 85% കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് 3 ആഴ്ച കഴിച്ചവരിൽ നെഗറ്റീവ് ചിന്തകൾ കുറഞ്ഞതായി കണ്ടു.
ദിവസം എത്രത്തോളം കഴിക്കാം?
സാധാരണ ഒരാൾക്ക് 1 മുതൽ 2 ടീസ്പൂൺ വരെ, അതായത് 5 മുതൽ 10 ഗ്രാം വരെ ശുദ്ധമായ, മധുരം ചേർക്കാത്ത കൊക്കോ പൊടി കഴിക്കാം.
സാധാരണ ആരോഗ്യമുള്ളവർക്ക്:
കഴിച്ചു തുടങ്ങുന്നവർ: ദിവസം 1 ടീസ്പൂൺ (2.5 ഗ്രാം) മതി
പതിവായി കഴിക്കുന്നവർ: ദിവസം 1 - 2 ടേബിൾസ്പൂൺ (5 - 10 ഗ്രാം) വരെ ആകാം. ഇതിൽ നിന്ന് ഏകദേശം 40 മില്ലിഗ്രാം ഫ്ലവനോൾസ് ലഭ്യമാകും
എപ്പോൾ കുറയ്ക്കണം ?
- അസിഡിറ്റി / നെഞ്ചെരിച്ചിൽ ഉള്ളവർ
- മൈഗ്രേൻ ഉള്ളവർ
- വൃക്കയിൽ കല്ല് ഉള്ളവർ (കൊക്കോയിൽ ഓക്സലേറ്റ് ഉണ്ട്)
- ഉറക്കക്കുറവ് ഉള്ളവർ - വൈകിട്ട് 5 മണിക്കു ശേഷം കഴിക്കരുത്
അര ടീസ്പൂൺ മാത്രം കഴിക്കാം
എന്തുകൊണ്ട് കൂടുതൽ പാടില്ല?
കൊക്കോയിൽ നേരിയ തോതിൽ കഫീൻ (100 ഗ്രാമിൽ 230മില്ലിഗ്രാം) ഉം തിയോബ്രോമിനും ഉണ്ട്. 10 ഗ്രാമിൽ കൂടുതൽ കഴിച്ചാൽ
- ഹൃദയമിടിപ്പ് കൂടുക
- തലവേദന
- വയറിളക്കം
- ഉറക്കം നഷ്ടപ്പെടുക
എങ്ങനെ കഴിക്കണം?
10 ഗ്രാം ഒരുമിച്ച് കഴിക്കരുത്. രണ്ടു ഭാഗങ്ങളാക്കി കഴിക്കുക
- രാവിലെ: ചൂടുവെള്ളത്തിലോ ബ്ലാക്ക് കോഫിയിലോ ഓട്സിലോ 1 ടീസ്പൂൺ
- വൈകിട്ട്: സ്മൂത്തിയിലോ പാലിലോ 1 ടീസ്പൂൺ
പഞ്ചസാര ചേർക്കരുത്. ശർക്കരയോ തേനോ ചെറിയ അളവിൽ ആവാം.
- 70% അല്ലെങ്കിൽ 85% കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുക
- സ്മൂത്തിയിൽ ചേർക്കുക, പുഡ്ഡിംഗിൽ ചേർക്കുക
- പഴങ്ങൾക്ക് മുകളിൽ (വാഴപ്പഴം, സ്ട്രോബെറി) വിതറി കഴിക്കുക
ചോക്ലേറ്റ് കഴിച്ചാലും മതിയോ?
ചോക്ലേറ്റ് നിർമാണത്തിനാണു കൊക്കോപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ ചോക്ലേറ്റിൽ കൊക്കോ പൊടിക്കൊപ്പം പഞ്ചസാരയും കൊഴുപ്പും കൂടുതലായി ചേർത്തിട്ടുള്ളതിനാൽ ചോക്ലേറ്റ് മിതമായ അളവിൽ മാത്രം കഴിക്കുക.